ഇന്ത്യന്‍ ഇലക്ട്രിക് വാഹനവിപണിയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതിന്റെ ഭാഗമായി പ്രീമിയം ഏഴ് സീറ്റര്‍ ഇലക്ട്രിക് എസ്യുവി മോഡലായ എക്സ്ഇവി 9എസ് മഹീന്ദ്ര പുറത്തിറക്കി. എക്സ്യുവി 400, ബിഇ 6, എക്സ്ഇവി 9ഇ എന്നിവയ്ക്കു ശേഷം മഹീന്ദ്ര പുറത്തിറക്കുന്ന നാലാമത്തെ ഇലക്ട്രിക്ക് എസ്യുവിയാണിത്.
മഹീന്ദ്രയുടെ "ബോണ്‍ ഇലക്ട്രിക്’ (ബിഇ) പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഈ മോഡല്‍ മൂന്ന് വേരിയന്റിലാണ് വിപണിയില്‍ ലഭ്യമാകുക. എക്സ്യുവി 700ന്റെ ഒരു ഇവി പതിപ്പാണ് ഈ മോഡലെന്നു പറയാം. 19.95 ലക്ഷം രൂപയാണ് (എക്സ്ഷോറൂം) പ്രാരംഭ വില.
വാഹന രൂപകല്‍പ്പനയിലെ മഹീന്ദ്രയുടെ കയ്യൊപ്പ് ഈ മോഡലിലും വ്യക്തമായി കാണാം. പരമ്പരാഗതമായ എയര്‍ ഇന്‍ടേക്കുകള്‍ ഒഴിവാക്കി അടഞ്ഞതും എയറോഡൈനാമിക് മികവിനായി രൂപകല്‍പ്പന ചെയ്തതുമായ മുന്‍ഭാഗമാണ് എക്സ്ഇവി 9എസിന് നല്‍കിയിട്ടുള്ളത്. വാഹനത്തിന്റെ വീതിയില്‍ നീളുന്ന കണക്റ്റഡ് എല്‍ഇഡി ലൈറ്റ് ബാറും അഗ്രസീവായ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും എക്സ്ഇവി 9എസിന് ഒരു ഫ്യൂച്ചറിസ്റ്റിക് ലുക്ക് നല്കുന്നു.
ബോണറ്റിലെ കട്ടിംഗുകളും വശങ്ങളിലേക്ക് ഒഴുകിയിറങ്ങുന്ന മസ്കുലര്‍ രൂപകല്‍പ്പനയും വാഹനത്തിന് കരുത്തു പകരുന്നു. പരമ്പരാഗതമായ ഏഴ് സീറ്റര്‍ എസ്യുവിയുടെ രൂപഘടനയാണ് എക്സ്ഇവി 9എസ് പിന്തുടരുന്നത്. ഇത് മൂന്നാം നിരയിലെ യാത്രക്കാര്‍ക്ക് മികച്ച ഹെഡ്റൂമും സുഖകരമായ യാത്രാനുഭവവും ഉറപ്പാക്കുന്നു.
മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി മാത്രം രൂപകല്പന ചെയ്ത ആഗോളതലത്തില്‍ ശ്രദ്ധേയമായ ഇന്‍ഗ്ലോ പ്ലാറ്റ്ഫോമിലാണ് എക്സ്ഇവി 9എസ് നിര്‍മിച്ചിരിക്കുന്നത്. 59 കിലോവാട്ട്, 70 കിലോവാട്ട്, 79 കിലോവാട്ട് എന്നിങ്ങനെ മൂന്ന് ബാറ്ററി ഓപ്ഷനുകളാണ് മഹീന്ദ്ര എക്സ്ഇവി 9എസ് അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 679 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ, 175 കിലോവാട്ട് വരെ ശേഷിയുള്ള ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ 20 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ ഏകദേശം 20 മിനിറ്റ് മാത്രം മതിയാകും.
വാഹനത്തിന്റെ അകത്തളം അത്യാധുനിക സാങ്കേതികവിദ്യകളാല്‍ സമ്പന്നമാണ്. ഡാഷ്ബോര്‍ഡിലെ "ട്രിപ്പിള്‍സ്ക്രീന്‍ കോക്ക്പിറ്റ്’ ആണ് ഇന്റീരിയറിലെ പ്രധാന ആകര്‍ഷണം. ഇതില്‍ ഡ്രൈവര്‍ ഡിസ്പ്ലേ, സെന്‍ട്രല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മുന്‍നിരയിലെ യാത്രക്കാര്‍ക്കായി പ്രത്യേക ഡിസ്പ്ലേ എന്നിവ ഉള്‍പ്പെടെ മൂന്ന് 12.3 ഇഞ്ച് സ്ക്രീനുകളാണുള്ളത്.
കാബിനകത്ത് കൂടുതല്‍ വെളിച്ചവും വായുസഞ്ചാരവും നല്കുന്ന വലിയ പനോരമിക് സണ്‍റൂഫ്, പ്രീമിയം ലെതര്‍ അപ്ഹോള്‍സ്റ്ററി, വെന്റിലേറ്റഡ് മുന്‍നിര സീറ്റുകള്‍, ഹര്മന് കാര്‍ഡോണ്‍ സൗണ്ട് സിസ്റ്റം, മള്‍ട്ടികളര്‍ ആംബിയന്റ് ലൈറ്റിംഗ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള് എന്നിവ ആഡംബര അനുഭവം വര്‍ധിപ്പിക്കുന്നു.
സുരക്ഷയുടെ കാര്യത്തിലും എക്സ്ഇവി 9എസ് മുന്‍പന്തിയിലാണ്. ഏഴ് എയര്‍ബാഗുകള്‍, ലെവല്‍2 അഡാസ്, അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് തുടങ്ങിയ സംവിധാനങ്ങള്‍ ഡ്രൈവിംഗ് കൂടുതല്‍ സുരക്ഷിതമാക്കുന്നു.
എക്സ്ഇവി 9ഇയേക്കാള്‍ അല്പം വലിപ്പം കൂടിയ വാഹനമാണ് എക്സ്ഇവി 9എസ്. 2762എംഎം ആണ് വീല്‍ബേസ്. 1745എംഎം ഉയരവും 219എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമുള്ള എസ്യുവിയാണിത്. 500 ലിറ്ററാണ് ബൂട്ട്സ്പേസ്.